Tuesday 7 April 2020

ഒരു കൊറോണക്കാലം 

നാളുകളേറെ കഴിഞ്ഞാൽ ഇങ്ങനെയൊരുകാലത്തിലൂടെ ലോകം കടന്നുപോയിരുന്നുവെന്ന് വിശ്വസിക്കാൻ പോലും പ്രയാസപ്പെടും.

ഇന്ന് 2020 ഏപ്രിൽ മാസം 6 തിങ്കളാഴ്ച

അൽപ്പം മുമ്പ് ന്യൂജേഴ്സ്ഇയിലെ ബിനു കുര്യാക്കോസ് വിളിച്ചിരുന്നു.

ന്യൂയോർക്ക് കഴിഞ്ഞ് ഇപ്പോൾ കോവിഡ്-19 ന്റെ ഹോട് സ്പോട്ടുകളായി മാറുകയാണത്രെ അരിസോണയും ന്യൂ ജേഴ്സിയും.

അമേരിക്കയിലാകെ ഇതുവരെ 9500 കഴിഞ്ഞു മരണം.

ഓരോ മിനിട്ടിലും മൂന്നുപേരുവീതം മരണപ്പെടുന്നുവെന്നാണ് കണക്ക്.

മൂന്നരലക്ഷത്തിലേറെയാണ് രോഗബാധിതർ.


ഏറ്റവും പുതിയ കണക്കുകൾ രേഖപ്പെടുത്താം ..... സെക്കന്റുകളുടെ വ്യത്യാസത്തിൽ അവ പെരുകിയിട്ടുണ്ടാവും.

മരണം 71,000 --- ഇറ്റലിയിൽ മാത്രം 16000

സ്പെയിൻ - 13000
അമേരിക്ക - 9500
ഫ്രാൻസ് - 9000
UK  - 5000
ഇറാനും ചൈനയും നാലായിരത്തിനടുത്തു.
ഇന്ത്യയിൽ അയ്യായിരം രോഗികൾ ------   120 മരണം.
ഖത്തർ 1600 രോഗികൾ 4 മരണം.
കേരളത്തിൽ 314 രോഗികൾ ---4 മരണം.

CARD: Coronavirus timeline





ഇന്ത്യയിൽ കേരളത്തിലാണ് ആദ്യം വൈറസ് എത്തിയത്. ചൈനയിലെ വുഹാനിൽ നിന്ന് വന്ന വിദ്യാർത്ഥിക്ക് ജനുവരി 30 ,  2020 വൈറസ് സ്ഥിരീകരിച്ചു.
മാർച്ച് 12 ന് കർണാടകയിൽ ആദ്യത്തെ മരണം സ്ഥിരീകരിച്ചു.
മാർച്ച് 16 ന് ഇന്ത്യയിൽ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും മാളുകളും അടച്ചു.
മാർച്ച് 18 ന് cbse പരീക്ഷകൾ നിർത്തി വച്ചു.
മാർച്ച് 22 ന് ജനതാ കർഫ്യൂ
മാർച്ച് 24 ന് ലോൿഡൗൺ --- 21 ദിവസത്തേക്ക്.



Sudan takes measures against coronavirus | Radio Dabanga

കൊറോണ വൈറസ് പുതിയ രൂപത്തിൽ കോവിഡ് - 19 എന്ന ബ്രാൻഡ് നെയിമോടെ അവതരിക്കപ്പെട്ടിരിക്കയാണ്.---- കൊറോണ വൈറസ് ഡിസീസ് 2019 അതാണ് പൂർണ രൂപം.
ചൈനയിലെ  വുഹാൻ ആണ് ഉത്ഭവ കേന്ദ്രം.

ഞാൻ ഇപ്പോഴും ഖത്തറിൽ തന്നെയാണുള്ളത്.
29 ഫെബ്രുവരി യിലാണ് ആദ്യത്തെ വൈറസ് രോഗി ഖത്തറിൽ ഉണ്ടാവുന്നത്. പിന്നെയങ്ങോട്ട് തുടർച്ചയായ ഉയർച്ച ആയിരുന്നു.

ഇവിടെ മാർച്ച്  ഒമ്പതിനാണ് സ്കൂളുകൾ അടച്ചത്.

മാർച്ച്പത്താം തീയതിമുതൽ നാട്ടിൽ നിന്നുള്ള ഫ്ലൈറ്റ് റദാക്കി.

മാർച്ച് 11 ന് ഒറ്റ ദിവസം 238 രോഗബാധിതർ ആയതോടെ ഇൻഡസ്ട്രിയൽ ഏരിയ സ്ട്രീറ്റ് 1 മുതൽ 32 വരെ അടച്ചു.
മാർച്ച് 18 ന് പള്ളികൾ അടച്ചു.
സൗദി യാണെങ്കിൽ മാർച്ച് 4 മുതൽ തന്നെ ഉംറ തീർത്ഥാടനം വിലക്കിയിരുന്നു.


ഘട്ടം ഘട്ടമായി നിയന്ത്രണങ്ങൾ വരികയായിരുന്നു....
ഹോട്ടലുകൾ അടച്ചു.. മാളുകൾ, ബീച്ചുകൾ , പാർക്കുകൾ എന്ന് വേണ്ട ആളുകൾ ഒത്തു കൂടുന്നത് പോലും വിലക്കി.

നാട്ടിൽ പുറത്തിറങ്ങിയാൽ പോലീസ് പിടിവീഴുമെന്ന സ്ഥിതിയാണ്.

പുതിയൊരു ലോകക്രമത്തിലേക്ക് കാര്യങ്ങൾ മാറുകയാണ്.

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോക സമ്പദ് ഘടനയിലും രാഷ്ട്രീയത്തിലും ഇത്രയേറെ സ്വാധീനം ചെലുത്തിയ വേറൊരു സംഭവമില്ല.

അത്തരമൊരു അനുഭവത്തിലൂടെ കടന്നു പോകുമ്പോൾ ഭാവിയിലെ തിരിഞ്ഞു നോട്ടത്തിനു സഹായകമാവാനാണ് ഇത്രയും കുറിച്ചത്.


Coronavirus: How are patients treated? - BBC News

Kerala reports first death from Coronavirus - The Economic Times ...

Tuesday 31 December 2019



പണ്ട് അബുദാബി കോർണിഷിൽ പോപ്‌കോൺ കൊറിച്ചിരിക്കുമ്പോൾ ഇടയ്ക്കിടെ കയ്യിൽനിന്നും തെറിച്ചു വീഴുന്നവ കൊത്തിപ്പറിക്കാൻ മത്സ്യ കുഞ്ഞുങ്ങൾ കൂട്ടമായി എത്തുന്നത് നോക്കി ആസ്വദിക്കാറുണ്ട്....ആ ഓർമയാണ് ഇന്നലെ ബെൻസ് കാറിന്റെ പിൻസീറ്റിൽ കരുതിയിരുന്ന ബിസ്കറ്റ് പായ്ക്കുകൾ വിതരണം തുടങ്ങിയപ്പോൾ കണ്ടത്. കയ്യിൽ കരുതിയ പൊതികൾ വേഗം തീർന്നുപോയതിനാൽ ഫേസ്ബുക് ലൈവ് അധികനേരം തുടരാനായില്ല.

കാറിന്റെ പുഷ്ബാക്ക് സീറ്റിലിരുന്നു ലൈവ് വീണ്ടും തുടങ്ങിയപ്പോൾ ചില വികൃതിപ്പയ്യന്മാർ കാറിന്റെ pearlescent paint നാശമാക്കുംമുമ്പ് ഫേസ്ബുക് ലീവും നിർത്തി സ്ഥലം വിട്ടു.
എന്തായാലും ഇത്തവണത്തെ മൂന്നാർ ട്രിപ്പ് ശരിക്കും എന്ജോയ് ചെയ്തു.
ഖത്തറിൽ നിന്നെത്തിയ മാമനോടും  ലണ്ടനിൽ നിന്നെത്തിയ അളിയനോടും ഞാനാണ് പ്രൊപ്പോസ് ചെയ്തത് യാത്ര മൂന്നാറിലേക്ക് മാറ്റാൻ. അവരും നാളെ എത്തും. ഇത്തരമൊരു യാത്രാനുഭവം വേറൊരിക്കലും കിട്ടില്ല....

ദുരിതം തകർത്തെറിഞ്ഞ മൂന്നാറിൽ കുറെ അലഞ്ഞതിനു ശേഷമാണു മനസ്സിനിണങ്ങിയ റിസോർട് കണ്ടെത്തിയത്.

പാതിയുറക്കത്തിൽ ഐ ഫോൺ കയ്യിലെടുത്തു..

നേരം പതിനൊന്നാവുന്നതേയുള്ളൂ . അപ്പോഴേക്കും ഇന്നലത്തെ ഫേസ്‌ബുബുക് ലൈവിന് ലൈക്കുകൾ ഇരുനൂറ് കവിഞ്ഞു..

മാരിമുത്തുവിന്റെ കൂടെയുള്ള ലൈവ് ആണ് ശരിക്കും തകർത്തത്... മൂന്നു സെന്റിലെ കിടപ്പാടം ഒഴുകിപ്പോയി    വഴിയാധാരമായ പതിനാലംഗ കുടുംബത്തോടൊപ്പം തകർന്നു തരിപ്പണമായ വീടിന്റെ അവശിഷ്ടങ്ങൾക്ക് മുകളിൽ കയറി നിന്ന് മാരിമുത്തുവിന്റെയും കുഞ്ഞുങ്ങളുടെയും ദൈന്യത ശരിക്കും ഒപ്പിയെടുത്ത ആ ലൈവിന് ലൈക്കുകൾ കൂടുന്നത് കണ്ടപ്പോൾ ഉണ്ടായ ആത്മഹർഷത്തിൽ ഒരു ക്യാപ്പിച്ചിനോ കോഫിയും ഇറ്റാലിയൻ പിസായും ഓർഡർ ചെയ്തു ac യുടെ തണുപ്പ് ഒന്ന് കൂടി കൂട്ടി ഓസ്‌ട്രേലിയൻ വൂൾ ബ്ലാങ്കറ്റിലേക്ക് വലിഞ്ഞു....

Saturday 20 January 2018





തീപ്പൊ🎇രി


തുടക്കം ഒരു തീപ്പൊരിയിൽ ആയിരുന്നു.....അത് പയ്യെ ഒരു തീ നാളമായി പടരുകയാണ്...
ലോകം മുഴുവൻ വിഴുങ്ങുന്ന തീ ഗോളമായി അത് വളർന്നേക്കുമോ എന്ന് ഭയപ്പോടോടെ നോക്കുമ്പോൾ ആർത്തലച്ചു വരുന്ന മലവെള്ളപ്പാച്ചിൽ തീ ഗോളങ്ങളെ വിഴുങ്ങുന്നതാണ് അടുത്ത ഫ്രെയിമിൽ കാണുന്നത്...

ഒരു കനലുപോലും അവശേഷിപ്പിക്കാതെ തീ നാമ്പുകൾ പത്തിമടക്കുമ്പോൾ ചാടിവീഴുന്ന അലയോലകൾക്കു പരിചിത മുഖഭാവം തോന്നിയത് യാദൃച്ഛികമോ .... അതോ തോന്നലോ..
അല്ല...
എല്ലാം പരിചിത മുഖങ്ങൾ...
അതെ..വിഫലമീ ജീവിതയാത്രയിൽ പലപ്പോഴായി തണലേകാൻ കഴിഞ്ഞിരുന്നു അവർക്കൊക്കെ...
അവരുയർത്തിയ കോട്ടയ്ക്കകത്തു വിള്ളൽ ഉണ്ടാക്കാനാവില്ല ഈ തീ കൂമ്പാരങ്ങൾക്കു.
അവയോരോന്നും പുതു ജീവനു ശക്തി പകരുന്നു...
തീ ഗോളങ്ങൾ ശമിച്ചപ്പോൾ ആശ്വാസ നീരുറവയായി  അവരൊക്കെ കൂടെ തന്നെ ഉള്ളതു പോലെ...

ഇനി ഉറക്കെ പറയാം...

സഫലമീ ജന്മം എന്ന്...


🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉


Monday 27 February 2017


സമ്പാദ്യം 

വല നിറഞ്ഞു, അകം നിറഞ്ഞു, പുര നിറഞ്ഞു- എന്നിട്ടും മതിയായില്ല.
ഒടുക്കം  മണ്ണ് പോരാഞ്ഞിട്ട് ശേഖരിച്ചതതെല്ലാം കുഴിയിലിട്ടു മൂടി.

↝↝↝↝↝↝↝↝↝↝

Thursday 23 February 2017




യാത്രാമൊഴി 


 യാത്ര ചോദിച്ചിറങ്ങുമ്പോൾ പിന്തിരിഞ്ഞു നോക്കാറില്ല, ......ഒരിക്കലും .
പെയ്യാൻ വെമ്പുന്ന കൂറ്റൻ കാർമേഘങ്ങളേക്കാൾ കഠിനമാവും പല മുഖങ്ങളിലെയും ഭാവങ്ങൾ ആ സമയത്ത്. അവ കാണാനുള്ള മനക്കട്ടി ഇല്ല അത് തന്നെ കാരണം.

കാലം ചെല്ലുംതോറും നമ്മുടെ ശീലങ്ങൾ യാന്തികമായതു യാദൃഛികത ആവാം.. ...അതാണ് പ്രകൃതി നിയമവും.

വാട്ട്സ്ആപ്പും, നെറ്റ് കോളും, വീഡിയോ ചാറ്റിങ്ങുമെല്ലാം  ദൂരങ്ങൾ കീഴടിക്കിയപ്പോൾ പിരിഞ്ഞവരെല്ലാം  അരികത്തെവിടെയോ ഉണ്ടെന്ന തോന്നലാണ് നെഞ്ചിലെ നൊമ്പരങ്ങളോടൊപ്പം  പിരിമുറുക്കവും  കുറക്കുന്നത്.

കണ്ണെത്താ ദൂരത്തു നാം അകലുന്നത് വരെ പൂമുഖത്തു നിലയുറപ്പിച്ചിരുന്ന ആൾ കൂട്ടങ്ങൾ കുളിരുള്ള ഒരോർമ മാത്രമാണ് ഇന്നത്തെ കാലത്ത്.
എന്നാലും എപ്പോഴും ഉണ്ടാവും രണ്ടു കണ്ണുകൾ.... കൺ തടത്തിലെ നനവ് പുറത്തു കാണിക്കാതിരിക്കാൻ  വൃഥാ ശ്രമവുമായി വാതിൽക്കൽ നിന്നും മാറാതെ ഒരു രൂപം.....നിവർന്നു നിലക്കാൻ  ബുദ്ധിമുട്ടുമ്പോഴും നനവാർന്ന പുഞ്ചിരിയുമായി നമുക്കരികിൽ വേച്ചു വേച്ചു നടന്നെത്തുന്ന മാതൃ സ്നേഹം.

പകരമാവില്ല .....ഈ ഭൂലോകത്ത് മറ്റൊന്നും.





Saturday 18 February 2017

ഉപ്പോളം വരുമോ .............



നാട്ടിൽ നിന്ന് കൊണ്ടുവന്ന കണ്ണി മാങ്ങ അച്ചാർ ഇത്തവണയും ഹിറ്റ്.

അതിന്റെ ആരവം  ആണ് മെസ്സിൽ കേൾക്കുന്നത്.
ഈയിടെയായി  അച്ചാറിന് ഉപ്പ് കൂടി വരുന്നുണ്ടോ എന്ന് ചെങ്ങായിമാർക്ക് ശങ്ക. ഉമ്മാന്റെ കൈപ്പുണ്യം കുറയുന്നോ എന്ന പരിഭവവും.

ഓരോ തവണ അച്ചാറിടുമ്പോഴും ഉമ്മ അറിയാതെ അതിലിറ്റു  വീഴുന്ന കണ്ണീരിന്റെ ഉപ്പാണ് അതെന്നു ഞാനെന്റെ ചങ്കു ചങ്ങായിമാരെ എങ്ങിനെ പറഞ്ഞു മനസ്സിലാക്കും.

നമ്മൾ പ്രവാസികൾക്ക് മുലപ്പാൽ ചുരത്തിത്തന്നതിനേക്കാൾ കൂടുതൽ നമ്മെ ഓർത്തു കണ്ണുനീർ ചുരത്തിയിട്ടുണ്ടാവും  നമ്മുടെ അമ്മമാർ ........


😢 😭😢😢😢😢😢😢😢

Friday 17 February 2017

ചിതലുകൾ 



















പ്രവാസം - പലതിനോടുമുള്ള വിടപറച്ചിലാണത്.
പലതിനോടുമല്ല എല്ലാത്തിനോടും എന്നു തിരുത്തി വായിക്കുന്നതാണ്
നല്ലത് .

പതിറ്റാണ്ടുമുമ്പ് എന്റെ പ്രവാസവും അങ്ങിനെ തന്നെയാണ് തുടങ്ങിയത്.
നമ്മുടെ നഷ്ടങ്ങളെല്ലാം നമുക്ക് ഏറെ പ്രിയമുള്ളവയായിരുന്നു എന്നതും വാസ്തവം.

അവയുടെ കൂട്ടത്തിൽ  എനെറെ തീഷ്ണ യൗവനത്തെ നിറമേറും സ്വപ്നങ്ങളാക്കി മാറ്റിയ  കുറെ പുസ്തകങ്ങളും ഉണ്ടായിരുന്നു.

ഇവിടെ ഖത്തറിൽ എത്തി ഏറെ കഴിയും  മുമ്പ് ഞാൻ മനസ്സിലാക്കി തറവാട്ട് വീട്ടിലെ തട്ടിൻ പുറത്തു വിശ്രമിക്കുന്ന ലോക ക്ലാസിക്കുകൾക്കൊപ്പം  എന്റെ സ്വപ്നങ്ങളും കുടുങ്ങിപ്പോയിരുന്നു  എന്ന്.

പഴകിത്തുടങ്ങിയ മേൽക്കൂര ചിതലരിച്ചു തുടങ്ങിയപ്പോൾ ഉമ്മയുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഇത്തവണത്തെ അവധിക്ക് നാട്ടിൽ പോയപ്പോൾ ഏറെക്കാലത്തിനു ശേഷം തട്ടിന്പുറത്തു കയറിയത്.
എന്റെ ഉള്ളിലെ കനവായിരുന്ന പഴയ പുസ്തക കൂമ്പാരങ്ങൾ ചിതലരിച്ചു
പോയി എന്ന യാഥാർഥ്യം ഒരു വികാരവും എന്നിലുണ്ടാക്കിയില്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു. ഞാൻ തിരഞ്ഞു നോക്കി- പഴയ സ്വപ്നങ്ങൾ അവക്കിടയിലുണ്ടോ എന്ന്.
ഞെട്ടലോടെ ഞാനറിഞ്ഞു,
ചിതലരിച്ചു തുടങ്ങിയ പുസ്തക കൂമ്പാരങ്ങൾക്കിടയിൽ ചിതലരിച്ചു പോയ എന്റെ ചിന്തകളും  ഉണ്ടായിരുന്നു.........

《《《《《《《《《《《